ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ക്ഷേത്ര സാമീപ്യംകൊണ്ട് ഗ്രാമം തന്നെ പിന്നീട് കടക്കരപ്പള്ളി എന്ന പേരില്‍ അറിയപ്പെട്ടു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ബുദ്ധമതകാലത്ത് സ്ഥലനാമങ്ങളുടെ മുന്നിലും പിന്നിലും “പള്ളി” കൂട്ടിച്ചേര്‍ക്കുക സാധാരണയായിരുന്നു. പള്ളിപ്പുറം, പള്ളിത്തോട്, പാതിരപ്പള്ളി, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നിവ ഉദാഹരണങ്ങളാണ്. വാഗ്ഭടന്‍ ‘അഷ്ടാംഗ ഹൃദയം’ എഴുതിയത് കടക്കരപ്പള്ളിയില്‍ വച്ചാണ് എന്ന് ഒരു വാദഗതിയുണ്ട്. ഈ വാദഗതിയോട് യോജിച്ചുകൊണ്ട് ലോകസഞ്ചാരി ഹുയാന്‍സാങ് കടക്കരപ്പള്ളി എന്ന സ്ഥലം ശ്രീമൂലവാസത്തിന് (പല്ലന) 4 കി.മീറ്റര്‍ പടിഞ്ഞാറാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലം ഇന്ന് കടലായി പരിണമിച്ചിരിക്കുന്നു. ഒന്നിലേറെ സ്ഥലങ്ങള്‍ക്ക് ഒരേ സ്ഥലനാമം നിലവില്‍ കാണുന്ന ഇന്നത്തെ സ്ഥിതി അന്നും നിലനിന്നിരുന്നുവെന്ന് വ്യക്തം. എ ഡി 630 ല്‍ തൃക്കണ്ണാമതിലകത്ത് ഹൈന്ദവ-ബുദ്ധ മതപണ്ഡിതന്മാര്‍ നടത്തിയ ദീര്‍ഘനാളത്തെ സംവാദത്തില്‍ അന്തിമ പരാജയം കൈവരിച്ച ബുദ്ധമതാനുയായികളും പണ്ഡിതന്മാരും പീഡനങ്ങള്‍ക്ക് വിധേയരായതായി കാണുന്നു. പീഡിതരും അപമാനിതരുമായ ബുദ്ധമതാനുയായികള്‍ പലായനം ചെയ്യപ്പെടുകയും പിന്നീട് അവരുടെ ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തതായാണ് ചരിത്രം. ബുദ്ധമതാനുയായികള്‍ പില്‍ക്കാലത്ത് മതപരിവര്‍ത്തനത്തിന് വിധേയരായി ഹിന്ദുക്കളായി എന്നും ചരിത്രം രേഖപ്പെടുത്തുന്നു. ഡച്ചുകാരുടെ വരവോടെ കപ്പലോട്ടത്തിലും കൃഷിയിലും ശാസ്ത്രീയ സമീപനം ഈ നാട്ടിലും നിലവില്‍ വന്നതായി കാണാം. ഡച്ചു ഭരണാധികാരികള്‍ കേരളത്തിലെ സസ്യലതാദികളെ സംബന്ധിച്ച് ആധികാരികതയോടെ തയ്യാറാക്കിയ ‘ഹോര്‍ത്തൂസ് മലബാറിക്കസ്’ (മലബാറിലെ സസ്യജാലം) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താക്കളില്‍ പ്രധാനി കടക്കരപ്പള്ളിയില്‍ ‘കൊല്ലാട്ട് ഇട്ടി അച്യുതന്‍’ ആയിരുന്നു എന്നതും ഈ പഞ്ചായത്തിന് ഏറെ അഭിമാനം തോന്നും കാര്യമാണ്. ബഹുഭാഷാ പണ്ഡിതനായിരുന്ന ഇട്ടി അച്യുതന്‍ സംസ്കൃതത്തിലും തദ്വാരാ ആയുര്‍വേദത്തിലും പ്രാവീണ്യം നേടിയിരുന്നു. ഈ പാരമ്പര്യം കടക്കരപ്പള്ളിക്ക് ഒട്ടേറെ സംസ്കൃത പണ്ഡിതന്മാരെയും ആയുര്‍വേദ വൈദ്യന്മാരെയും സംഭാവന ചെയ്യുന്നതിന് സഹായിച്ചിട്ടുണ്ട്. ചികില്‍സാ രംഗത്ത് അത്ഭുതം സൃഷ്ടിച്ച ചൊട്ടു ചികിത്സയ്ക്ക് (ഒരു തരം ഒറ്റമൂലി) ഖ്യാതി നേടിയ ഈ ഗ്രാമം തുളസി വെറ്റിലയിലും തനതായ ഖ്യാതി നിലനിര്‍ത്തിപ്പോരുന്നു. കലാരംഗത്തും പഞ്ചായത്തിന് ഉന്നത പാരമ്പര്യം അവകാശപ്പെടാം. തിരുവാതിരക്കളി, കോല്‍ക്കളി, ഗുസ്തി, കഥകളി, പരിചമുട്ട്, ചവിട്ടുനാടകം എന്നിവ പണ്ടേ ഈ ജനങ്ങളില്‍ ആവേശം നിലനിര്‍ത്തിയ തനത് കലകളാണ്. ഇന്നത്തെ ദേശീയപാതകള്‍ക്ക് (എന്‍ എച്ച്) സമാനമായ പുരാതന ‘രാജവീഥി’യില്‍ ഒന്ന് കന്യാകുമാരി മുതല്‍ കച്ച് വരെ (ഗുജറാത്ത്) നീണ്ടുപോയത് കടക്കരപ്പള്ളിയില്‍ കൂടിയാണ് എന്നതിന് തെളിവുകള്‍ ഉണ്ട്. കൊച്ചി രാജാവിന്റെ സൈനിക തലവനായിരുന്ന ‘ആന്‍ഡ്രൂസ് പെരേര’ എന്ന പോര്‍ച്ചുഗീസുകാരന്റെ ഇഷ്ടപ്പെട്ട ഗ്രാമവും കടക്കരപ്പള്ളി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പെരേരയുടെ പിന്‍ഗാമികള്‍ പിന്നീട് അവരുടെ ആസ്ഥാന ഗ്രാമമാക്കിയതും കടക്കരപ്പള്ളിയാണ്. രാജാവിന് നല്‍കിയ സേവനത്തിനും സ്നേഹ വാല്‍സല്യങ്ങള്‍ക്കും പ്രതിഫലമായി ലഭിച്ച വിസ്തൃതമായ ഭൂപ്രദേശങ്ങള്‍ ഇക്കൂട്ടരെ പില്‍ക്കാലത്ത് ഭൂപ്രഭുക്കന്മാരും സമ്പന്നരുമാക്കി.